കൊച്ചി: കോതമംഗലം കള്ളാട് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേർ പോലീസ് കസ്റ്റഡിയില്‍.അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ചെങ്ങമനാട്ട് ഏലിയാസിൻ്റ ഭാര്യ സാറാമ്മയെ (72) തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.ചോരയില്‍ കുളിച്ചു കിടന്ന് മൃതദേഹത്തിന് ചുറ്റും മഞ്ഞള്‍പൊടിയും വിതറിയിരുന്നു.ഇവരുടെ വീടിന് തൊട്ടടുത്ത് തന്നെ ഇവരുടെ പഴയ വീടും ഉണ്ടായിരുന്നു. അവിടെ മൂന്ന് അതിഥി തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവരില്‍ രണ്ടുപേർ ജോലിക്ക് പോയിരുന്നത്.ഒരാള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.ഇവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. ഒരു മണിയോടെ അയല്‍വാസികളിലൊരാള്‍ സാറാമ്മയെ കണ്ടിരുന്നു. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയില്‍ ആദ്യം കണ്ടത്.ഇരുമ്ബുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു മൃതദേഹം.
കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും നാല് വളകളും നഷ്ടമായിട്ടുണ്ട്.