ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. തൊഴിലാളികളായ അലഹാഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്റസ്, ഡോര്‍ലിയന്‍ റൊണിയല്‍ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നുവെന്നും വെസ് മൂര്‍ കൂട്ടിച്ചേര്‍ത്തു. കപ്പലിന്റെ ഡാറ്റാ റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.കാണാതായ ആറ് പേരും മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാംഇന്ത്യക്കാരാണെന്നും സുരക്ഷിതരാണെന്നും കപ്പല്‍ കമ്പനിയായ സിനെര്‍ജി സ്ഥിരീകരിച്ചിരുന്നു. കപ്പലില്‍ വൈദ്യുതി ബന്ധം നഷ്ടമായെന്നും അലേര്‍ട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ബാള്‍ട്ടിമോറിലെ സീഗര്‍ട്ട് മറൈന്‍ ടെര്‍മിനലില്‍നിന്ന് കപ്പല്‍ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പല്‍ ഇടിച്ചു കയറുകയായിരുന്നു.