ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയില്‍ 165 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്.ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോണില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെ മോറിയ നഗരത്തിലേക്ക് 46 യാത്രകാരുമായി പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 8 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലത്തിന് മുകളില്‍ വച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. പിന്നാലെ ബസിന് തീപിടിച്ചതോടെ യാത്രക്കാർ വെന്തുമരിക്കുകയായിരുന്നു. ഈസ്റ്റർ അനുബന്ധ പ്രാർത്ഥനയില്‍ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.