തിരുവനന്തപുരം: ആറ്റിങ്ങലില്‍ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയില്‍ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആറ്റിങ്ങല്‍ കിഴക്കേനാലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിലാണ് തീ പിടിത്തമുണ്ടായത്.വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളുടെ ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഈ ബഡാബസാര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നായി പാര്‍ക്കിങ് ഏരിയയുമുണ്ട്.
പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, അലങ്കാരസാധനങ്ങള്‍ എന്നിവയെല്ലാം വില്‍ക്കുന്ന സ്ഥാപനമാണ് ഈ ബഡാബസാര്‍. ഈ ഉത്പന്നങ്ങള്‍ സംഭരണകേന്ദ്രത്തിലും ഉണ്ടായിരുന്നു. വസ്ത്രശേഖരത്തിലും പ്ലാസ്റ്റിക്കിലും തീ പടര്‍ന്നതോടെയാണ് വൻ തീ പിടിത്തം ശ്രദ്ധയില്‍ പെട്ടത്. പുക ഉയരുന്നത് കണ്ടതോടെ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്തിരുന്നവര്‍ ഉടൻതന്നെ അവിടെ നിന്നും വാഹനങ്ങള്‍ മാറ്റിയിരുന്നു.
ആറ്റിങ്ങല്‍ അഗ്നിരക്ഷാനിലയത്തില്‍ നിന്നും രണ്ട് യൂണിറ്റെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനാല്‍ കഴക്കൂട്ടം, വെഞ്ഞാറമൂട്, കല്ലമ്ബലം, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്ന് പത്ത് യൂണിറ്റുകള്‍ കൂടി വിളിച്ച് വരുത്തുകയായിരുന്നു. തീപിടുത്തം വ്യാപാര കേന്ദ്രത്തെ ബാധിച്ചിട്ടില്ല.