തിരുവനന്തപുരം : ഹൈക്കോടതി അനുമതിയായതോടെ കണ്‍സ്യൂമർ ഫെഡിന്റെ 256 വിഷു ചന്തകള്‍ ഇന്ന് തുറക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ ലഭിക്കും.ഈമാസം 19 വരെ പ്രവർത്തിക്കും. എല്ലാ കാർഡുകാർക്കും വാങ്ങാം.
പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ ഏർപ്പെടുത്തിയ വിലക്ക് ഇന്നലെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ നല്‍കി സാധാരണക്കാർക്ക് ആശ്വാസം നല്‍കുന്നതിനെ തടയരുതെന്ന് നിർദ്ദേശിച്ചായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സർക്കാർ സബ്സിഡിയോടെ റംസാൻ- വിഷുച്ചന്ത തുറക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ തടഞ്ഞത്. ഇതിനെതിരെ കണ്‍സ്യൂമർഫെഡാണ് കോടതിയെ സമീപിച്ചത്.179 ത്രിവേണി സ്റ്റോറുകളിലും 77 താലൂക്കുകളിലെ ഓരോ പ്രധാന സഹകരണ സംഘങ്ങളിലുമാണ് ആദ്യം ചന്ത തുടങ്ങുന്നത്. സപ്ളൈകോയിലെ സബ്‌സിഡി നിരക്കിലാണ് വിഷുച്ചന്തകളിലും വില്‍ക്കുക. കൂടാതെ ത്രിവേണി സ്റ്റോറുകളിലുള്ള മറ്റ് സാധനങ്ങളും 10 -30 ശതമാനം വിലക്കുറവില്‍ ലഭിക്കും.