കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പികെ സുമിത്ത് ആണ് മരിച്ചത്.30 വയസ്സായിരുന്നു. ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പൊന്തന്‍ പുഴ വനമേഖലയില്‍ എത്തിച്ച് മദ്യം നല്‍കിയശേഷം ഈ മാസം 13നാണ് സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെയും നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരിച്ചത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം.ഇടുക്കി അയ്യപ്പന്‍കോവില്‍ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയില്‍ വീട്ടില്‍ സാബു ദേവസ്യ, കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ രാജു എന്ന് വിളിക്കുന്ന പ്രസീദ്. ജി എന്നിവരെയാണ് മണിമല പോലിസ് അറസ്റ്റ് ചെയ്തത്. ആസിഡ് ആക്രമണത്തില്‍ മുഖത്തിനും കഴുത്തിനും ശരീരത്തും സാരമായി പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാബു ദേവസ്യക്ക് യുവാവിനോട് മുന്‍വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇത്തരത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.