തിരൂര്‍ : പറവണ്ണയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍.പാണ്ടിക്കാട് മോഴക്കല്ല് സ്വദേശി പട്ടാണി അബ്ദുള്‍ അസീസ് (48) എന്ന ബാവ, കണ്ണൂര്‍ അഴീക്കോട് സ്വദേശി സുബൈദാസ് വീട്ടില്‍ റെനീസ് (26) എന്നിവരെയാണ് തിരൂര്‍ പൊലീസും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നവംബറിലാണ് പറവണ്ണ മുറിവഴിക്കലില്‍ വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീടിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയും കവര്‍ച്ചനടന്നത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചും വിവരം ലഭിച്ചു. ഇവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരില്‍ നിന്നും മോഷണമുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്.