കിളികൊല്ലൂർ: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞു പ്രതിയെ കഞ്ചാവുമായി പൊലീസ് പിടികൂടി.
കിളികൊല്ലൂർ കരിക്കോട് നൗഷാദ് മൻസിലില്‍ ഷംനാദ് (34) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
പതിനേഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷംനാദ്. കഴിഞ്ഞ വർഷം നവംബർ 22ന് തട്ടാർകോണത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 19.980 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 85000 രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു. സ്ഥാപനയുടമയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഷംനാദിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
പ്രതിക്കായി തിരച്ചില്‍ നടന്ന് വരവെ 17ന് ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇയാള്‍ അഞ്ച് ഗ്രാം കഞ്ചാവുമായി കരിക്കോട് റെയില്‍വേ പുരയിടത്തില്‍നിന്ന് പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ഷാനിഫിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വൈശാഖ്, നിസാമുദ്ദീൻ, സി.പി.ഒമാരായ രാജീവ്, പ്രശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.