ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയില്‍ കാണാതായ പെരിന്തല്‍മണ്ണ സ്വദേശിയെ കണ്ടെത്തി. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെയാണ് ദുബൈ അല്‍ഖൈല്‍ മേഖലയില്‍നിന്ന് അവശനിലയില്‍ കണ്ടെത്തിയത്.ദുബൈ അല്‍ബർഷയില്‍ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെ ഫെബ്രുവരി 19 മുതലാണ് കാണാതായത്.ദിവസങ്ങളായി ജോലിക്ക് ഹാജരാകാത്തതിനാല്‍ തൊഴിലെടുത്തിരുന്ന സ്ഥാപനം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസമായിട്ടും ഷാജുവിനെകുറിച്ച് വിവരം ലഭിക്കാതായതോടെ ഭാര്യ നാട്ടില്‍ നിന്ന് അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റിനും പരാതി നല്‍കി. ഇദ്ദേഹത്തെ കാണാനില്ലെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് അജ്മാനിലും മറ്റും ഷാജുവിനെ കണ്ടതായി പരിസരവാസികള്‍ പലപ്പോഴായി വിവരം നല്‍കിയിരുന്നു.എന്നാല്‍, ശാരീരിക അവശതകളുള്ള ഇദ്ദേഹത്തെ കണ്ടെത്തി അധികൃതർക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ അല്‍ഖൈല്‍ മേഖലയില്‍ ഇദ്ദേഹത്തെ കണ്ടുവെന്ന വിവരത്തെ തുടർന്ന്സ്ഥാപനത്തിന്‍റെ പ്രതിനിധികളടക്കം എത്തി ഷാജുവിനെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.