പയ്യന്നൂരിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. 75 പവൻ സ്വർണവും പണവുമാണ് മോഷണം പോയത്. പെരുമ്പയിലെ സി എച്ച് സുഹറയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കുടുംബാംഗങ്ങൾ വീടിന്റെ മുകൾനിലയിലെ മുറിയിൽ ഉറങ്ങുമ്പോഴായിരുന്നു താഴത്തെ നിലയിൽ മുറികൾ കുത്തിത്തുറന്നുള്ള കവർച്ച. രാവിലെ വീട്ടുകാർ ഉണർന്ന് നോക്കുമ്പോൾ മാത്രമാണ് കവർച്ച നടന്നത് അറിയുന്നത്. വാതിൽ കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന നിലയിലായിരുന്നു. രണ്ട് കിടപ്പുമുറികളും ഷെൽഫും കുത്തി തുറന്ന അവസ്ഥയിലായിരുന്നു. സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലും. വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന കത്തിയും മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സുഹറയുടെ ഭർത്താവ് അസുഖബാധിതനായതിനാൽ ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ ഭാര്യയും അവരുടെ മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മോഷ്ടാക്കൾ ഇത് മനസിലാക്കിയിരുന്നതായി സംശയമുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.