പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും.വ്യവസായ മേഖലയില്‍ നിന്ന് ഏതെങ്കിലും കമ്ബനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാന്‍ സിസി ടിവി ക്യാമറകള്‍ പരിശോധിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയിലെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ കുഫോസ് സെന്‍ട്രല്‍ ലാബില്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും.
മത്സ്യ കര്‍ഷകര്‍ക്കുള്ള നാശനഷ്ടം കണക്കാക്കാന്‍ ഫിഷറീസ് ഡയറക്ടറോടും നിര്‍ദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായം, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്.