സിംഗപൂർ: ജലശുദ്ധീകരണത്തിന് ടാങ്കിലിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് വിഷപുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു.സിംഗപൂരിലെ പബിലെ (ദേശീയ വാട്ടർ ഏജൻസി) ജലസംഭരണി വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സിംഗപൂരിലെ സൂപ്പർസോണിക് മെയിന്റനൻസ് സർവീസില്‍ ക്ളീനിംഗ് ഓപ്പറേഷൻസ് മാനേജരായ ശ്രീനിവാസൻ ശിവരാമൻ (40) ആണ് മരിച്ചത്. മേയ് 23നാണ് സംഭവമുണ്ടായത്.ദേശീയ ജലവിതരണ അതോറിറ്റിയായ പബിന്റെ ചൊവ ചു കാംഗ് വാട്ടർവർക്‌സിലെ ജലസംഭരണിയിലാണ് ശ്രീനിവാസനും രണ്ട് മലേഷ്യൻ ജീവനക്കാരും വൃത്തിയാക്കാനിറങ്ങിയത്. ജലസംഭരണിയില്‍വച്ച് ഹൈഡ്രജൻ സള്‍ഫൈഡ് എന്ന വാതകം ഇവർ ശ്വസിച്ചു. നിറമില്ലാത്തതും ചീഞ്ഞമുട്ടയുടെ രൂക്ഷ ഗന്ധമുള്ളതുമായ കൊടുംവിഷ വാതകമാണ് ഹൈഡ്രജൻ സള്‍ഫൈഡ്. ജലശുദ്ധീകരണ ശേഷം ഉണ്ടാകാറുള്ള ഒരു വാതകമാണ് ഹൈഡ്രജൻ സള്‍ഫൈറ്റ്. ഉടനെതന്നെ മൂന്നുപേരും ബോധരഹിതരായി വീണു.വേഗം ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീനിവാസൻ ശിവരാമൻ മരിച്ചു, രണ്ട് മലേഷ്യൻ ജീവനക്കാരും അതീവഗുരുതരാവസ്ഥയിലാണെന്ന് ഇവരുടെ കമ്പനിയായ സ്‌റ്റാർഗ്രൂപ്പ് കമ്പനി അറിയിച്ചു.