പുല്പള്ളി: ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തിയ ദമ്പതികള്‍ പിടിയില്‍. കര്‍ണാടകയില്‍നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട് കുന്നുമ്മല്‍ പി.കെ. മുഹമ്മദ് അര്‍ഷാദ് (36), ഭാര്യ എന്‍.കെ. ഷബീനാസ് (34) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ സീറ്റിന് പിന്നിലായി ഒളിപ്പിച്ചു കടത്തുകയായിരുന്ന 935 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും ചേര്‍ന്ന് പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട്ടുനിന്നും ഓട്ടോറിക്ഷയിലെത്തിയ ദമ്പതിമാര്‍ പെരിക്കല്ലൂരില്‍നിന്ന് തോണിമാര്‍ഗം കര്‍ണാടകയിലെ ബൈരക്കുപ്പയിലെത്തിയാണ് കഞ്ചാവ് വാങ്ങിയത്. 20,000 രൂപ നല്‍കിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ചോദ്യംചെയ്യലില്‍ ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്.