മധ്യപ്രദേശ് : മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയില്‍ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് കുട്ടികളടക്കം 13 പേർ മരിച്ചു.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. 15 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ പരിചരണത്തിനായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്ഗഡ് കളക്ടർ ഹർഷ് ദീക്ഷിത് പറഞ്ഞു. അയല്‍ സംസ്ഥാനമായ രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തില്‍ നിന്ന് കുലംപൂരിലേക്ക് പോകുകയായിരുന്ന ഒരു വിവാഹ പാർട്ടിയിലെ അംഗങ്ങളാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കലക്ടറും എസ്പിയും ഉള്‍പ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. അപകടസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും ചിലർ ആരോപിച്ചു. നിലവിളി കേട്ട് എത്തിയ വഴിയാത്രക്കാരും സമീപത്തെ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.