തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്ന് വിദ്യഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.എന്നാല്‍ കേരള സിലബസിനോട് താത്പര്യം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 2.44 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. മൂന്ന് വർഷത്തിനിടെ ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഇടിവാണ് സർക്കാർ സ്കൂളുകളില്‍ ഉണ്ടായിരിക്കുന്നത്.പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതല്‍ ഒൻപത് വരെ ഓള്‍ പാസ് എന്ന രീതി നിർത്തലാക്കുമെന്നും പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും മിനിമം മാർക്ക് വേണമെന്ന തീരുമാനവും നടപ്പാക്കുമെന്ന് മന്ത്രി വിശദീകരിച്ചു. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ട്.