ഇടുക്കി: ഇടുക്കി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്.20 അടിയോളം താഴ്ചയിലേക്ക് വീണാണ് അപകടം. കുട്ടിയെ രക്ഷിക്കാൻ കൂടെ ചാടിയ അങ്കണവാടി അദ്ധ്യാപികയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. ആന്റോ-അനീഷ ദമ്പതികളുടെ മകള്‍ മെറീനയാണ് അപകടത്തില്‍പ്പെട്ടത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. മഴക്കാലത്തു വെള്ളം കയറുന്ന പ്രശ്‌നം പതിവായതോടെയാണ് അങ്കണവാടി മുകളിലത്തെ നിലയിലേക്ക് മാറ്റിയതെന്ന് നാട്ടുകാർ പറയുന്നു. രണ്ടാം നിലയിലെ വരാന്തയില്‍ ഓടിക്കളിക്കുന്നതിനിടെയാണ് കുട്ടി താഴേക്ക് വീണ് അപകടം സംഭവിച്ചത്. പിന്നാലെ കുട്ടിയെ രക്ഷിക്കാനായി അങ്കണവാടി അദ്ധ്യാപിക പ്രീതയും താഴേക്ക് ചാടുകയായിരുന്നു. അപകടത്തില്‍ ഇവർക്ക്കാലിന് പൊട്ടലേറ്റതായാണ് വിവരം.