മാനന്തവാടി: മാവോയിസ്‌റ്റുകളുടെ സജീവ സാന്നിധ്യമുള്ള വയനാട് തലപ്പുഴ മക്കിമലയില്‍ കുഴിബോംബുകളെന്നു തോന്നിക്കുന്ന സ്‌ഫോടകവസ്‌തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.മക്കിമലയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കൊടക്കാട് വനമേഖലയിലാണ് ബോംബ് കണ്ടെത്തിയത്.
വന്യമൃഗശല്യം തടയാന്‍ സ്‌ഥാപിച്ച വൈദ്യുതി കമ്ബിവേലി ഇന്നലെ രാവിലെ വനംവകുപ്പ് വാച്ചര്‍മാര്‍ പരിശോധിക്കുന്നതിനിടെയാണ് നീളമുള്ള കേബിള്‍ വയര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു കുഴിച്ചു നോക്കവെ ഫ്യൂസും അനുബന്ധ ഉപകരണങ്ങളും ലഭിച്ചു. തമിഴ്‌നാട് തിരുച്ചറപ്പള്ളിയില്‍ നിര്‍മിച്ചതാണെന്ന് ഉപകരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ബോംബ് ഉള്‍പ്പെടെ അനുബന്ധ സാധനങ്ങള്‍ ഉണ്ടെന്ന സംശയത്തില്‍ പോലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായം വനം വകുപ്പ് തേടി.