ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഒരു മരണം. ആലപ്പുഴ ആറാട്ടുവഴിയില്‍ 14 വയസുകാരനാണ് മതില്‍ ഇടിഞ്ഞുവീണ് മരിച്ചത്.അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകൻ അല്‍ ഫയാസ് ആണ് മരിച്ചത്. 7 മണിയോടെ ആയിരുന്നു അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു കുട്ടിയുടെ ദേഹത്തേക്ക് അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞ് വീണത്.ഉടൻ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് അല്‍ ഫയാസ്. മൃതദേഹം നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നല്‍കും.കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളില്‍ മഴക്കെടുതിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.