ചെറുതുരുത്തി: സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറേ മുക്കാലിന് തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിലെ വെട്ടിക്കാട്ടിരി ജുമാമസ്ജിദിന് സമീപമായിരുന്നു അപകടം.ഷൊർണൂർ ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറി മുന്നില്‍ വന്ന വാഹനം ബ്രേക്ക് ചെയ്തതോടെയും ടോറസ് ലോറിയും ബ്രേക്ക് ചെയ്യുകയും പിന്നില്‍ എറണാകുളത്തുനിന്ന് വന്ന നാഷനല്‍ പെർമിറ്റ് ലോറി ഇടിക്കുകയുമായിരുന്നു.
പിന്നില്‍ വന്നിരുന്ന തൃശൂരില്‍നിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന സ്വകാര്യബസ് നാഷനല്‍ പെർമിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് മുന്നിലിരുന്ന 10 ബസ് യാത്രക്കാർക്ക് ചെറിയതോതില്‍ പരിക്കുപറ്റി. ഇവർ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. ബസിന്റെ മുൻഭാഗവും നാഷണല്‍ പെർമിറ്റ് ലോറിയുടെ മുൻഭാഗവും തകർന്നു. തുടർന്ന് സംസ്ഥാനപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.