അസി. പ്രൊഫസർ – സംസ്കൃതം സ്പെഷ്യൽ വിഷയങ്ങളിൽ ചട്ടം മറികടന്നുള്ള അനധികൃത നിയമനങ്ങൾ.

1994 ലെ ഗവ. സ്പെഷ്യൽ റൂൾ പ്രകാരം സംസ്കൃതത്തിലെ സ്പെഷ്യൽ വിഷയങ്ങളായ സാഹിത്യം, വ്യാകരണം, ന്യായം, വേദാന്തം, ജ്യോതിഷം എന്നീ വിഷയങ്ങൾ കോളേജ് തലത്തിൽ ബി.എ, എം.എ ബിരുദ കോഴ്‌സുകളിൽ പഠിപ്പിക്കുന്നതിനായി അസി. പ്രൊഫസർമാരെ ആവശ്യമായി വരുമ്പോൾ അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരെ മാത്രമേ നിയമിക്കാൻ പാടുള്ളൂ. ഉദാഹരണത്തിന് സംസ്കൃതം സ്പെഷ്യൽ വ്യാകരണത്തിൽ എം.എ യോഗ്യത നേടിയ ഉദ്യോഗാർത്ഥിക്കു മാത്രമേ ഡിഗ്രി തലത്തിലും പി.ജി തലത്തിലും സംസ്കൃതം സ്പെഷ്യൽ വ്യാകരണം വിദ്യാർത്ഥികളെ പഠിപ്പിക്കാനാവൂ. അതിനാൽ തന്നെ യോഗ്യത ഇല്ലാത്ത ഉദ്യോഗാർത്ഥിയെ പ്രസ്തുത തസ്തികയിൽ നിയമിക്കാൻ മേൽപടി ഉത്തരവ് പ്രകാരം സാധ്യമായിരുന്നില്ല.
UPST , HST, HSST തസ്തികകളിൽ സ്കൂളുകളിൽ സംസ്കൃതാധ്യാപകരെ നിയമിക്കുമ്പോൾ സംസ്കൃതത്തിലെ സ്പെഷ്യൽ, ജനറൽ വിഷയങ്ങൾ പരസ്പരം തുല്യമായി കണക്കാക്കി കൊണ്ട് തുല്യതാ സർട്ടിഫിക്കറ്റുകൾ കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളും നൽകിയിട്ടുണ്ട്. എന്നാൽ ഹയർ സെക്കണ്ടറി തലം വരെ മാത്രം അധ്യാപന നിയമനങ്ങളിൽ പ്രാബല്യത്തിലുള്ള ഈ തുല്യത സർട്ടിഫിക്കറ്റിനെ തത്പരകക്ഷികളായ സംസ്കൃതം ജനറൽ വിഭാഗത്തിലെ ചില ഉദ്യോഗാർത്ഥികൾ കോളേജ്‌ തലത്തിലെ യോഗ്യതയായി കാണിക്കുകയും അവരുടെ വിഷയത്തിൽ അല്ലാതെ മറ്റു സ്പെഷ്യൽ വിഷയങ്ങളിലും യോഗ്യതയുള്ളവരായി PSC യെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് PSC റാങ്ക് ലിസ്റ്റിൽ ചട്ടവിരുദ്ധമായി ഇടം നേടുകയും ചെയ്തിരിക്കുന്നു. ഇത് 1994 ലെ സ്പെഷ്യൽ റൂളിന് തികച്ചും വിരുദ്ധമാണ്.
UGC റൂൾസ് അനുസരിച്ചു നിയമന യോഗ്യതയായ UGC NET പരീക്ഷയിൽ കോഡ് നമ്പർ 73 എഴുതി Traditional Subjects എന്ന വിഭാഗത്തിൽ യോഗ്യത നേടിയ സംസ്കൃതം സ്പെഷ്യൽ ഉദ്യോഗാർത്ഥികളെയും കോഡ് നമ്പർ 25 എഴുതിയ സംസ്കൃതം ജനറൽ ഉദ്യോഗാർത്ഥികളെയും ഒരുതരത്തിലും തുല്യരായി കാണാൻ സാധിക്കില്ല. മാത്രമല്ല സംസ്കൃതം സ്പെഷ്യൽ വിഭാഗങ്ങൾ അതാത് വിഷയ ഗ്രന്ഥങ്ങളിൽ വളരെ ആഴത്തിലുള്ള പഠനം നടത്തി സംസ്കൃതത്തിൽ തന്നെ പരീക്ഷ എഴുതി പാസാകുമ്പോൾ സംസ്കൃതം ജനറൽ വിഭാഗക്കാർ വളരെ ഉപരിപ്ലവമായി മാത്രം വിഷയപഠനം നടത്തുകയും സംസ്കൃതത്തിലോ ഇംഗ്ലീഷിലോ പരീക്ഷ എഴുതി പാസാകുകയും ചെയ്യുന്നു. ഇതുതന്നെ ഈ രണ്ടു വിഭാഗങ്ങളെ യാതൊരു തരത്തിലും തുല്യമായി കാണാൻ സാധിക്കില്ല എന്നതിന് തെളിവാണ്.
എന്നാൽ ഈ കാര്യങ്ങളെല്ലാം സൗകര്യപൂർവം മറച്ചു വച്ചുകൊണ്ട് കേവലം ബോർഡ് ഓഫ് സ്റ്റഡീസ് തീരുമാനിച്ചു എന്ന കാരണം മാത്രം മുൻനിർത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഈ രണ്ട് വിഭാഗങ്ങൾക്ക് തമ്മിൽ തുല്യത സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഈ തുല്യതാ ഓർഡർ പുന:പരിശോധിക്കാനായി 2018ൽ ബഹു.കേരള ഹൈക്കോടതിയിൽ നിന്നും വന്ന വിധി കാറ്റിൽ പറത്തിക്കൊണ്ട് യൂണിവേഴ്സിറ്റി തുല്യതാ സർട്ടിഫിക്കറ്റ് വിതരണം അടുത്ത കാലം വരെ തുടർന്നിരുന്നു. പ്രസ്തുത കോടതി വിധി മാനിച്ചു കേരള യൂണിവേഴ്സിറ്റി നൽകി വന്നിരുന്ന തുല്യതാ സർട്ടിഫിക്കറ്റ് ഹയർ സെക്കന്ററി തലം വരെ ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത പ്രത്യേകം പരിഗണിക്കേണ്ടതാണ്.
മേൽ സൂചിപ്പിച്ച കാലിക്കറ്റിന്റെ തുല്യതസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സംസ്കൃതം സാഹിത്യം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് psc നടത്തിയ കാറ്റഗറി നമ്പർ 281/2019 എന്ന നോട്ടിഫിക്കേഷൻ പ്രകാരം നടന്ന പരീക്ഷയിൽ ജനറൽ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം നേടുകയും ചെയ്തു എന്നത് അത്യധികം ആശങ്ക ഉളവാക്കുന്നു. പ്രസ്തുത നോട്ടിഫിക്കേഷനിൽ സാധാരണ സംസ്‌കൃതം സ്പെഷ്യൽ വിഷയങ്ങളുടെ നോട്ടിഫിക്കേഷനിൽ കാണാറുള്ളതുപോലെ സ്പെഷ്യൽ റൂൾ ഉൾപ്പെടുത്തിയിരുന്നില്ല. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒഴിവ് റിപ്പോർട്ട് ചെയ്തതിൽ വന്ന അനാസ്ഥയാണ് ഇത്തരത്തിൽ ഒരു പിഴവ് സംഭവിക്കാൻ കാരണം ആയതെന്ന് psc പറയുന്നു. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഉപഭാഷ സംസ്കൃത തസ്തിക എന്ന് കരുതി നോട്ടിഫിക്കേഷൻ ഇറക്കിയതിനാലാണ് ഇങ്ങനെ ഒരു പിഴവ് സംഭവിച്ചത്‌. Assistant Prof. Sanskrit Sahitya എന്ന തസ്തികയിലേക്കാണ് നിയമനം എന്നത് പരീക്ഷക്ക് ശേഷം ബോധ്യമായപ്പോൾ മേൽ സൂചിപ്പിച്ചഅപാകതകൾ പരിഹരിച്ചു കൊണ്ട് തിരുത്തൽ വിജ്ഞാപനം PSC ഇറക്കുകയും അതിൽ special റൂൾ കൂടി ഉൾപ്പെടുത്തുകയും ചെയ്തു. സ്പെഷ്യൽ റൂൾ ഉൾപെടാതെ ഒരു നോട്ടിഫിക്കേഷനും സംസ്കൃതം സ്പെഷ്യൽ വിഭാഗത്തിൽ ഇതേ വരെ ഇറങ്ങിയിട്ടില്ല. ഈ വിഷയത്തിൽ സാഹിത്യം ഉദ്യോഗാർത്ഥികൾ ബഹു.ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയും, സംസ്കൃതം traditional വിഷയങ്ങൾ, സംസ്‌കൃതം ജനറൽ എന്നിവക്ക് വ്യത്യസ്തമായ സിലബസും NET യോഗ്യതയും ആണ് എന്ന യുജിസി തീരുമാനം പരിഗണിച്ചുകൊണ്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യാതൊരു അക്കാഡമിക് പരിശോധനയും കൂടാതെ നൽകിയിരുന്ന തുല്യതാ സർട്ടിഫിക്കറ്റ് കോടതി റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പുന:ക്രമീകരിക്കുന്നത് അടക്കം ഉള്ള വിഷയങ്ങൾ കോടതിയുടെ പരിഗണനയിലും ആണ്. ഈ സമയത്താണ് ഇത്തരം തിരക്കിട്ട നിയമനങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.
കേവലം ഉദ്യോഗാർഥികളുടെ മാത്രമല്ല വിദ്യാർത്ഥികളുടെ നിലവാരം കൂടി തകർക്കാൻ മാത്രമേ ഈ തരത്തിലുള്ള നിയമനം ഉപകരിക്കൂ എന്നത് വിസ്മരിച്ചുകൂടാ.
തികച്ചും വ്യത്യസ്തമായ രണ്ട് കോഴ്സുകൾ അക്കാഡമിക് മെറിറ്റ് പരിഗണിക്കാതെ തുല്യമാണ് എന്ന് അംഗീകരിക്കുന്നത് വഴി സ്പെഷ്യൽ വിഭാഗത്തിലെ ഉദ്യോഗാർഥികളെ മാത്രമല്ല വിദ്യാർത്ഥികളെ കൂടിയാണ് ഈ ഉത്തരവ് പെരുവഴിയിൽ ആക്കുന്നത്. വിഷയ വൈദഗ്ധ്യം ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്നത് വിദ്യാർത്ഥികളുടെ നിലവാരത്തെ മോശമായി ബാധിക്കും എന്നതിൽ സംശയം ഇല്ല.
യുജിസി റെഗുലേഷൻസ് വളരെ സാമാന്യം ആയാണ് യോഗ്യതകൾ നിർദേശിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിലെ PG എന്ന കൃത്യമായ യോഗ്യതക്ക് പകരം യുജിസി റെഗുലേഷന്റെ തെറ്റായ വ്യാഖ്യാനം സംസ്കൃതത്തിന്റെ എല്ലാ സ്പെഷ്യൽ വിജ്ഞാന ശാഖകളെയും ദോഷകരമായി ബാധിക്കും.
അതിൻ്റെ ഗുരുതരമായ പ്രത്യാഘാതമാണ് അസി. പ്രൊഫസർ ജ്യോതിഷം തസ്തികയിലേക്ക് സംസ്കൃതം ജനറൽ ഉദ്യോഗാർത്ഥികളെ നിയമനത്തിനായി പരിഗണിക്കുന്നത് വരെ എത്തിയതിൽ കാണാൻ സാധിക്കുന്നത്. മുസ്ലിം വിഭാഗത്തിലെ ജ്യോതിഷം ബിരുദാനന്തര ബിരുദധാരികൾക്കായി psc പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നടന്ന ഇന്റർവ്യൂവിൽ ജ്യോതിഷം ഒരു പേപ്പർ പോലും പഠിക്കാത്ത ജനറൽ സംസ്കൃതം പഠിച്ച ഉദ്യോഗാർത്ഥിയെയാണ് പി എസ് സി പങ്കെടുപ്പിച്ചിരിക്കുന്നത്.വേദാന്തം വിഭാഗത്തിലും ഈ വിധത്തിൽ ജനറൽ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഉള്ള തിരക്കിട്ട നീക്കം നടക്കുകയാണ്.
സംസ്കൃതത്തിലെ വ്യത്യസ്ത പഠനശാഖയിൽ ആഴത്തിലുള്ള പഠനം നടത്തിയ ഉദ്യോഗാർത്ഥികളുടെയും ഗൗരവമേറിയ വിഷയപഠനം ലക്ഷ്യം വയ്ക്കുന്ന വിദ്യാർഥികളുടെയും എല്ലാം ഭാവിയെ ഇരുട്ടിലാക്കുന്നവയാണ് ആലോചന ഏതുമില്ലാതെയുള്ള ഇത്തരം തീരുമാനങ്ങൾ.
കേരളത്തിലെ വിദ്യാഭ്യാസ മേഖല പരിഷ്കരിക്കപ്പെടണമെങ്കിൽ.. കേരളത്തിലെ വിദ്യാഭ്യാസ മേഖല രക്ഷപ്പെടണമെങ്കിൽ.. കേരളത്തിലെ വിദ്യാഭ്യാസ മേഖല സമസ്ത മേഖലയിലും മാതൃകയാവണമെങ്കിൽ.. അതിന് തക്കതായ യോഗ്യതയുള്ള അധ്യാപകരെ കോളേജുകളിൽ യൂണിവേഴ്സിറ്റികളിൽ ഒക്കെ നിയമിക്കപ്പെടേണ്ടതുണ്ട്. അതിൽ നടത്തുന്ന ഒളിച്ചുകളികൾക്ക് ഒരിക്കലും കേരള PSC കുടപിടിച്ചുകൂടാ. കേരള PSC യെ വിശ്വസിക്കുന്ന ആബാലവൃദ്ധം ജനങ്ങൾ ഈ നാട്ടിലുണ്ട്. അവർക്ക് ആശ്വാസകരമാകുന്ന അവർക്ക് വിശ്വസിക്കാനാവുന്ന ഒരു നടപടി കേരള PSC യുടെ ഭാഗത്തുനിന്നും ഉണ്ടാവുക തന്നെ വേണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 1 =