വിഴിഞ്ഞം: രണ്ട് കുടുംബത്തോടൊപ്പം കപ്പല്‍ കാണാൻ എത്തിയ യുവാവിനെ കടലില്‍ വീണ് കാണാതായി. ആഴിമല അജീഷ് ഭവനില്‍ അനിലിന്റെയും ബീനയുടെയും മകൻ അജീഷ് (26) നെയാണ് കാണാതായത്.ഇന്നലെ വൈകിട്ട് ആറോടെ പുളിങ്കുടി ആവണങ്ങപ്പാറയിലെ കടല്‍ തീരത്തായിരുന്നു സംഭവം. ഒപ്പം ജോലി ചെയ്യുന്ന കാഞ്ഞിരംകുളം സ്വദേശിയായ യുവാവും ഭാര്യയും കുഞ്ഞുങ്ങളുമടക്കം കപ്പല്‍ കാണാനായി ഇവിടെ എത്തിയതാണെന്ന് അജീഷിനൊപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരെ പാറയില്‍ ഇരുത്തിയ ശേഷം കടലിനോട് ചേർന്ന മറ്റൊരു പാറയില്‍ കയറി നില്‍ക്കവെയാണ് ശക്തമായ തിരയില്‍പ്പെട്ട് അജീഷ് കടലില്‍ വീണത്. ഒപ്പമുണ്ടായിരുന്നവർ വിഴിഞ്ഞം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞത്തു നിന്ന് കോസ്റ്റല്‍ പൊലീസ് എത്തി രണ്ട് ബോട്ടുകളുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചില്‍ നടത്തി.