സേലം: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍
എറണാകുളം സ്വദേശിയായ ട്രക്ക് ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.നെടുമ്പാശ്ശേരി മേയ്ക്കാട് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസാണ് (42) കൊല്ലപ്പെട്ടത്. കവര്‍ച്ചശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് കരുതുന്നത്. നെഞ്ചിന് കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ചെന്നൈ-കൃഷ്ണഗിരി ദേശീയപാതയില്‍ സുബൈദാര്‍മേട് ഭാഗത്തെ ഹോട്ടലിനുമുന്നില്‍ ട്രക്കിന് സമീപത്തായി ഒരാള്‍ മരിച്ചുകിടക്കുന്നതായി ഞായറാഴ്ച രാവിലെ ഒന്‍പതുമണിക്കാണ് മഹാരാജകട പോലീസില്‍ വിവരം ലഭിക്കുന്നത്. തുടര്‍ന്ന്, മഹാരാജകട പോലീസും കട്ടിനായനപ്പള്ളി വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്ഥലത്തുചെന്ന് പരിശോധിച്ചപ്പോഴാണ് മരിച്ചത് മലയാളിയാണെന്ന് സ്ഥിരീകരിച്ചത്.ഞായറാഴ്ച വെളുപ്പിന് രണ്ടുമണിയോടെ സുബൈദാര്‍മേട് ഭാഗത്ത് ഏലിയാസ് ട്രക്ക് നിര്‍ത്തി തൊട്ടടുത്ത ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്ബോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കൃഷ്ണഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.