മലപ്പുറം :-പത്താം ക്ലാസിനപ്പുറമുള്ളൊരു പഠനം
കോഡൂർ ഒറ്റത്തറ പാട്ടുപാറ മൊയ്‌ദീൻ കുട്ടിയുടെ മനസിലേ ഉണ്ടായിരുന്നില്ല. എന്നിട്ടും മൊയ്തീൻ കുട്ടി കോളജിലെത്തി. തുടർന്നേറെ പഠിച്ചു.
അധ്യാപകനുമായി.
വെറും മാഷല്ല, നാട്ടുകാരും ശിഷ്യഗണങ്ങളും ഉള്ളിലേറെ സ്നേഹാദരങ്ങളോടെ സ്വീകരിച്ച ‘വലിയ’ മാഷ് തന്നെ!
ജ്യേഷ്ഠനാണ് കോളജിലെ തുടർപഠനത്തിന് മൊയ്തീൻകുട്ടിയെ പ്രേരിപ്പിച്ചുന്തി വിട്ടത്. അതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഫാറൂഖ് കോളേജിൽ പീഡിഗ്രിക്ക് ചേർത്തതും ജ്യേഷ്ഠൻ തന്നെ.
ഒറ്റത്തറയിൽ നിന്ന് കോളേജിൽ പഠിക്കാൻ അവസരം ലഭിച്ച ആദ്യത്തെയാൾ മൊയ്‌ദീൻ കുട്ടിയാണ്. 5 കിലോമീറ്റർ നടന്ന് മലപ്പുറത്തെത്തിയിട്ടാണ് പലപ്പോഴും ഫറോക്കിലേക്ക് ബസ്സ് കയറിയിരുന്നത്. ഇന്നത്തെ പോലെ ബസ് സർവീസുകൾ വളരെ സുലഭമായിരുന്നില്ല അന്ന്.
കോളേജിൽ ചേർന്ന ദിവസം മൊയ്‌ദീൻ കുട്ടിയുടെ ശരീരപ്രകൃതി കണ്ടിട്ടാകണം “വലിയ വലിയ പുസ്തകങ്ങൾ പഠിക്കാൻ ഉണ്ടാകും നല്ലവണ്ണം ഭക്ഷണം കഴിക്കണം” എന്ന് അന്നത്തെ പ്രിൻസിപ്പൽ ജലീൽ സാർ പറഞ്ഞത് മൊയ്‌ദീൻ കുട്ടി ഇന്നും ഓർക്കുന്നു. വീട്ടിൽനിന്ന് ആദ്യമായി മാറി നിൽക്കുന്നതിന്റെ പ്രയാസങ്ങൾ ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച കൊണ്ട് അതൊക്കെ മാറി കിട്ടി.
പ്രീഡിക്ക് ശേഷം ഡിഗ്രിയും പിജിയും അവിടെ നിന്ന് തന്നെ പൂർത്തിയാക്കി. രണ്ടാം വർഷം ഡിഗ്രിക്ക് പഠിക്കുമ്പോൾ “What I would like to be” എന്ന വിഷയത്തിൽ ഉപന്യാസം എഴുതാൻ ഇംഗ്ലീഷ് അധ്യാപകൻ ആവശ്യപ്പെട്ടു. അന്നാണ് ഒരു അധ്യാപകൻ ആകണമെന്ന ആഗ്രഹം ആദ്യമായി മനസ്സിൽ മുള പൊട്ടിയത്.
PG പഠനം കഴിഞ്ഞപ്പോൾ ബന്ധുവിന്റെ സുഹൃത്ത് കോട്ടക്കലിൽ ഉള്ള ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകൻ ആകാൻ വീട്ടിൽ വന്ന് ക്ഷണിച്ചു. പറഞ്ഞ ദിവസം എല്ലാ തയ്യാറെടുപ്പുകളോടും കൂടി അവിടെ ചെന്നപ്പോൾ അദ്ദേഹത്തിൻറെ സഹോദരൻ ജോലിക്ക് കയറി എന്നും ഇനി ഒഴിവില്ലെന്നും അറിയിച്ചു. അധ്യാപകൻ ആകാനുള്ള ആദ്യ ശ്രമം അങ്ങനെ പരാജയപ്പെട്ടു.
അധികം താമസിയാതെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ടെക്നിക്കൽ അസിസ്റ്റൻറ് ആയി ജോലി കിട്ടി. അതിനിടെ കോളേജ് അധ്യാപക തസ്തികയിലേക്ക് പി. എസ്. സി. അപേക്ഷ ക്ഷണിച്ചപ്പോൾ അപേക്ഷിച്ചു. എഴുത്തു പരീക്ഷയും അഭിമുഖവും കഴിഞ്ഞ് ലിസ്റ്റിൽ പേര് വന്നെങ്കിലും മാസങ്ങൾക്ക് ശേഷമാണ് നിയമന ഉത്തരവ് കിട്ടുന്നത്. അങ്ങിനെ 1979 ജനുവരിയിൽ പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിൽ കെമിസ്ട്രി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് മലപ്പുറം ഗവൺമെൻറ് കോളേജ്, കണ്ണൂർ ഗവൺമെൻറ് പോളിടെക്നിക് ,നൈജീരിയയിലെ കാനോ സംസ്ഥാനത്ത് ഗവൺമെൻറ് ടീച്ചേഴ്സ് കോളേജ് , ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവിടങ്ങളിലും അധ്യാപകനായി ജോലി ചെയ്തു. സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷം വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് കോളേജിലും സേവനമനുഷ്ഠിച്ചു.
എട്ടാം ക്ലാസ് മുതൽ പി ജി വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് ഈ കാലയളവിൽ വളരെയധികം വിദ്യാർത്ഥികളുമായി ഇടപഴകാൻ സാധിച്ചു. അവരിൽ പലരെയും പലയിടത്തുനിന്നായി കണ്ടുമുട്ടുന്നു. അവരുമായി കുറച്ചുനേരം സംസാരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് മൊയ്‌ദീൻ കുട്ടി ഓർക്കുന്നു.
വിദ്യർഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും
ജാതിപരവും മതപരവും ആയ പരിഗണനകൾ കൂടാതെ അവരോടു നിഷ്പക്ഷമായി ഇടപെട്ടു.
അത് കൊണ്ട് തന്നെ നല്ലൊരു അധ്യാപകനാവാനും സാധിച്ചു.
ഓരോ വിദ്യർത്ഥിയുടെയും വ്യക്തിത്വവ്യത്യാസത്തെ കണക്കിലെടുത്തും ആവശ്യങ്ങൾക്കനുസരണമായി പ്രവർത്തിച്ചും മൊയ്തീൻ കുട്ടി അധ്യാപക സമൂഹത്തിൽ വ്യത്യസ്തനായി.
ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടി ബുദ്ധിപരവും സര്ഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികൾ പുഷ്ടിപെടുത്തുന്നതിന് വിദ്യർത്ഥികളെ പ്രോൽസാഹിപ്പിച്ചു കൊണ്ടേയിരുന്നു. അതായിരുന്നു
അധ്യാപക ലോകത്ത് മൊയ്‌ദീൻ കുട്ടിയുടെ അടയാളപ്പെടുത്തൽ.