കല്ലുവാതുക്കല്‍: ഒരു കുട്ടി ഉള്‍പ്പെടെ അയല്‍ക്കാരായ മൂന്ന് പേർക്ക് കുറുക്കന്‍റെ കടിയേറ്റു. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്നാം വാർഡില്‍പെട്ട കാട്ടുപുറം കോടാട്ട് ഭാഗത്താണ് വന്യജീവി ആക്രമണം ഉണ്ടായത്. വിലവൂർക്കോണം പോയ്കവിള വീട്ടില്‍ ബാലചന്ദ്രൻ പിള്ള (58), കാട്ടുപുറം കോടാട്ട് ശിശിരത്തില്‍ ശശിധരൻപിള്ളയുടെ ഭാര്യ ഗിരിജ കുമാരി, അയല്‍വാസിയായ എട്ടാം ക്ലാസുകാരി എന്നിവർക്കാണ് കുറുക്കന്‍റെ കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ ആയിരുന്നു സംഭവം. വീടിന് സമീപം നില്‍ക്കുകയായിരുന്ന ഗിരിജ കുമാരിയേയും അടുത്ത വീട്ടിലെ കുട്ടിയേയും കടിച്ച ശേഷമാണ് പുറകിലൂടെ എത്തി വീടിനടുത്ത് നില്‍ക്കുകയായിരുന്ന ബാലചന്ദ്രൻ പിള്ളയെ കടിച്ചത്.
കാലില്‍ കടിയേറ്റ ബാലചന്ദ്രൻ പിള്ള കുറുക്കനുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ തെറിച്ചുവീണു. ഇദ്ദേഹത്തിന്‍റെ കാലൊടിയുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജിലും പിന്നീട് ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.