വടക്കഞ്ചേരി: വാണിയംപാറ മണിയൻകിണർ ആദിവാസിക്കോളനിക്കടുത്തു പീച്ചി വനാതിർത്തിയിലെ ഫെൻസിംഗില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.കോളനി റോഡ് വഴിയില്‍ വാണിയംപാറ എസ്റ്റേറ്റ് ഗേറ്റിനു മുന്നില്‍ കോഴിചത്തപാറ എന്ന സ്ഥലത്ത് കാട്ടിലാണു പെണ്‍മോഴ ആന ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. പീച്ചി വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ ഒളകര ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഇന്നലെ രാവിലെ ആറുമണിയോടെ റബർ ടാപ്പിംഗ് തൊഴിലാളികളാണ് ആന കിടക്കുന്നതു കണ്ടത്. വിവരം അറിയിച്ചതിനെതുടർന്ന് ഫോറസ്റ്റ് വാച്ചർ മണി സ്ഥലത്തെത്തി ലൈൻ ഓഫ് ചെയ്തു. പിന്നീട് ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ചരിഞ്ഞ ആനയ്ക്കൊപ്പം രണ്ട് ആനകള്‍കൂടി ഉണ്ടായിരുന്നതായി വാച്ചർ മണി പറഞ്ഞു. ചരിഞ്ഞ ആനയുടെ കാലുകള്‍ സോളാർ വേലിയുടെ കമ്പികള്‍ക്കിടയിലായിരുന്നു. ഷോക്കേറ്റ് തെന്നിവീണപ്പോള്‍ വീണ്ടും ഷോക്കേറ്റ് ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം.