മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നലെ പെയ്ത മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി.ചില വിമാനങ്ങള്‍ ഇന്നലെ രാത്രിയില്‍ വഴിതിരിച്ചുവിട്ടു. വെള്ളത്തില്‍ മുങ്ങിയ റോഡുകളിലൂടെ വാഹനങ്ങള്‍ വളരെ പണിപ്പെട്ടാണ് നീങ്ങുന്നത്. വെള്ളക്കെട്ട് കടുത്ത ഗതാഗത കുരുക്കിന് കാരണമായി. സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, വിസ്താര എന്നിവയുടെ ചില വിമാനങ്ങള്‍ ഇന്നലെ രാത്രി വഴിതിരിച്ചുവിട്ടു. മുംബൈയിലെ മോശം കാലാവസ്ഥ വിമാന സർവ്വീസുകളെ ബാധിക്കാനിടയുണ്ടെന്നും യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാന കമ്പനികള്‍ ആവശ്യപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയിലും സമീപ ജില്ലകളിലും ഇന്നും മഴ മുന്നറിയിപ്പ് നല്‍കി. ഇന്ന് രാവിലെ വരെ മുംബൈയില്‍ റെഡ് അലർട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കി ജനങ്ങള്‍ പരമാവധി വീടുകളില്‍ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ട്രെയിൻ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.