വൈക്കം: കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു കാണാതായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം മൂവാറ്റുപുഴയാറിന്‍റെ കൈവഴിയുടെ തീരത്ത് കണ്ടെത്തി.വൈക്കം എഇഒയുടെ ചുമതലയുള്ള സീനിയർ സൂപ്രണ്ട് കുലശേഖരമംഗലം പുറ്റ്നാല്‍ പാടത്ത് ശ്യാംകുമാറിന്‍റെ (52) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം 4.45ന് ഉദയനാപുരം അക്കരപ്പാടം കയർ വ്യവസായ സഹകരണ സംഘത്തിന് സമീപത്തെ കടവില്‍ നിന്ന് കണ്ടെത്തിയത്. കടവില്‍ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ട പ്രദേശവാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി ഏറെ വൈകിവരെ ജോലി സംബന്ധമായ കാര്യങ്ങള്‍ ഓണ്‍ലൈനില്‍ ശ്യാംകുമാർ ചെയ്തിരുന്നു. പുലർച്ചെ വീട്ടുകാർ ഉണർന്നപ്പോഴാണ് ഇദ്ദേഹം വീട്ടിലില്ലെന്ന കാര്യം അറിയിയുന്നത്. പോകാനിടയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും അന്വേഷിച്ച ശേഷം വൈക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.എഇഒ ഓഫീസില്‍ സീനിയർ സൂപ്രണ്ടായ ശ്യാംകുമാറിന് രണ്ടു മാസം മുമ്ബാണ് എഇഒ യുടെ ചുമതല കൂടി ലഭിച്ചത്. ജോലിയിലെ സമ്മർദ്ദം ശ്യാംകുമാറിന് പിരിമുറുക്കമുണ്ടാക്കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.