നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടം i രണ്ടുപേർക്ക് പരിക്ക്

തിരുവല്ല: തിരുവല്ല – മാവേലിക്കര സംസ്ഥാനപാതയിലെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം ക്ഷേത്ര ദർശനത്തിന് പോയ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് പരിക്ക്.കൊല്ലം രാമൻകുളങ്ങര സമൃദ്ധി വീട്ടില്‍ കീർത്തി(17) , കീർത്തിയുടെ മുത്തശ്ശി ആനന്ദവല്ലി അമ്മ (74 ) എന്നിവർക്കാണ് പരിക്കേറ്റത്. പനച്ചിക്കാട് ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ സെൻ്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളിക്ക് മുൻവശത്തായിരുന്നു അപകടം. മാവേലിക്കര ഭാഗത്തുനിന്നും എത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർ ദിശയില്‍ നിന്നും മെറ്റില്‍ കയറ്റി വന്ന മിനി ലോറിയുടെ പിൻവശത്തെ ചക്രത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ പിൻവശത്തെ ചക്രങ്ങള്‍ ഊരി തെറിച്ചു. ഇന്നോവയുടെ മുൻവശം ഭാഗികമായി തകർന്നു. മുൻവശത്തെ ടയർ ഇളകി മാറി. അപകടത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ കീർത്തിയേയും അനന്തവല്ലി അമ്മയെയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കീർത്തിയുടെ അമ്മയും, സഹോദരനും, ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിയതിനെ തുടർന്ന് റോഡിലേക്ക് പരന്നൊഴുകിയ ഡീസല്‍ അഗ്നിരക്ഷാസേന എത്തി കഴുകി വൃത്തിയാക്കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine − three =