ചിറയിൻകീഴ്: തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്‍പന നടത്തിവന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.അഴൂർ കായല്‍വരമ്പില്‍വീട്ടില്‍ പ്രദീഷി(39)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. 250 ഗ്രാം കഞ്ചാവും 31.700 ലിറ്റർ വാറ്റുചാരായവും പ്രതിയില്‍നിന്ന് കണ്ടെടുത്തു.തീരദേശമേഖല ലക്ഷ്യംവച്ച് രാത്രികാലങ്ങളില്‍ അഴൂർ കായല്‍ പുറമ്പോക്കില്‍ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തിക്കുന്നതായും നാടൻചാരായം വില്‍പന നടത്തുന്നതായും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ചിറയിൻകീഴ് എക്സൈസ് സംഘം കുറച്ചുദിവസമായി നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഈ സ്ഥലത്തുനിന്ന് കഴിഞ്ഞദിവസം കഞ്ചാവ് ചെടിയും കണ്ടെടുത്തിരുന്നു. ചിറയിൻകീഴ് എക്സൈസ് ഇതിനെ നേതൃത്വം നല്‍കുന്നത് പ്രദീഷാണെന്ന് തിരിച്ചറിഞ്ഞ് പിന്തുടരുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.