തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയൊഴിയാതെ എലിപ്പനി വ്യാപനം. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ 25 പേർ എലിപ്പനി ബാധിച്ചും ലക്ഷണങ്ങളോടെയും മരിച്ചു.എല്ലാ ജില്ലകളിലും എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. പത്ത് മാസത്തിനിടെ 163 പേരുടെ ജീവൻ എലിപ്പനി മൂലം നഷ്ടപ്പെട്ടു.
ഓരോ മാസത്തെയും കണക്കുകള്‍ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമെന്ന് ആരോഗ്യ വകുപ്പ് ആവർത്തിക്കുന്നു. അപ്പോഴും പകർച്ചവ്യാധി പ്രതിരോധം എങ്ങുമെത്തിയിട്ടില്ല. വൈറല്‍ പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവർ ഏറെയുണ്ടെങ്കിലും ആശങ്കയാകുന്നത് എലിപ്പനിയാണ്. പ്രതിദിനം പത്തിലധികം ആളുകളില്‍ എലിപ്പനി സ്ഥിരീകരിക്കുന്നു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയിലധികവും. ഈ മാസം 208 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഒമ്പത് മരണം സംഭവിച്ചു. രോഗലക്ഷണങ്ങളോടെ എത്തിയവർ 151എലിപ്പനി മരണം സംശയിക്കുന്നത് 16 പേർക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി എലിപ്പനി വ്യാപനം കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.