ലഖ്നൗ:യുപിയില്‍ നാല് വയസുകാരിയെ ബലി നല്‍കിയ പ്രതികള്‍ പിടിയില്‍. ആള്‍ദൈവവും ബന്ധുവായ സ്ത്രീയുമാണ് പിടിയിലായത്.ബറേലിക്ക് സമീപത്ത ശിഖർപൂർ ചധൗരി ഗ്രാമത്തിലെ മിസ്റ്റി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.ശനിയാഴ്ച ശികർപൂർ ചൗധരി ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. തുടർന്ന് ഇസത്ത് നഗർ പൊലീസ് സ്റ്റേഷനില്‍ വീട്ടുകാർ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ ബന്ധുവായ സാവിത്രി അസ്വാഭാവികമായിപെരുമാറിയത്. വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളെ പോലും കടത്തിവിടാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്ന് പൊലീസ് സാവിത്രിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അപ്പോഴാണ് കുഴല്‍ കിണറിന് സമീപത്ത് ചാക്കില്‍കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.സാവിത്രിയും മന്ത്രവാദിയായ ഗംഗാ റാമും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.