തിരുവനന്തപുരം: ടൈറ്റാനിയത്തിന് സമീപം കൊച്ചുവേളി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍ ഇൻഡസ്ട്രീസില്‍ വൻ തീപിടിത്തം.ടോയ്ലെറ്റ് ക്ലീനിംഗ് ലോഷനുകള്‍,ഹാൻഡ് വാഷുകള്‍ എന്നിവയുടെ നിർമ്മാണ കേന്ദ്രത്തിലാണ് തീപടർന്നത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ആളപായമില്ല.
എട്ടോളം ജീവനക്കാർ ഉത്പന്ന നിർമ്മാണം നടത്തുന്നതിനിടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. സ്ഥാപനത്തിലുണ്ടായിരുന്ന ഫയർ എക്സ്റ്റിൻഗ്യൂഷനുകള്‍ ഉപയോഗിച്ച് തീകെടുത്താനുള്ള ശ്രമം വിഫലമായതോടെ ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ചെങ്കല്‍ച്ചൂളയില്‍ നിന്ന് മൂന്ന് യൂണിറ്റും ചാക്കയില്‍ നിന്ന് നാലു യൂണിറ്റും സംഭവസ്ഥലത്തെത്തി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രാത്രി 12.40ഓടെ തീ നിയന്ത്രണവിധേയമാക്കിയത്.തീപിടിത്തത്തില്‍ നിർമ്മാണ പ്ലാന്റിലെ ഗോഡൗണ്‍ മുഴുവനായും കത്തി. രാസവസ്തുക്കള്‍,നിർമ്മാണ സാമഗ്രികള്‍ക്കൊപ്പം ഇവ സൂക്ഷിച്ചിരുന്ന വീപ്പകള്‍,ലോഷനുകള്‍ പാക്ക് ചെയ്യാനുള്ള കന്നാസുകള്‍, കുപ്പികള്‍ ഉള്‍പ്പെടെ കത്തിപ്പിടിച്ചതാണ് തീപിടിത്തത്തിന്റെ വ്യാപ്‌തി കൂട്ടിയത്. ഫൈബർ ഷീറ്റിട്ട മേല്‍ക്കൂര മുഴുവനും കത്തിനശിച്ചു. ഏഴ് ഫയർ യൂണിറ്റുകള്‍ മുഴുവൻ പ്രവർത്തിക്കുകയും വെള്ളം തീർന്നതിനെ തുടർന്ന് വീണ്ടും പുറത്തുനിന്ന് വെള്ളം ശേഖരിച്ച് വീണ്ടുമെത്തിയുമാണ് തീകെടുത്തിയത് തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.