(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളിൽ ചിലവഴിക്കാൻ മതിയായ ഫണ്ട് ഇല്ലാതെകോടി ക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ “മരീചിക “ആയി മാറി തീർന്നിരിക്കുകയാണ്. മെഡിക്കൽ കോളേജിന്റെ വികസനം ലക്ഷ്യമാക്കി സർക്കാർ 714കോടി രൂപ പ്രഖ്യപിച്ചു ആരംഭിച്ച മാസ്റ്റർ പ്ലാൻ പദ്ധതികളുടെ നിർമാണപ്രവർത്തനങ്ങൾ ആണ് വെട്ടിലായി കിടക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പേരിലാണ് മുൻപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ ഇല്ലാതാക്കി മാസ്റ്റർ പ്ലാനിന്റെ പേര് പറഞ്ഞു ഇപ്പോൾ രോഗികളെ വലച്ചു കൊണ്ടിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ആശുപത്രിവളപ്പിലെ പ്രാധാനറോഡുകൾ വികസിപ്പിക്കുകയും, നവീകരിക്കുകയും ചെയ്തു. ശ്രീ ചിത്ര മുതൽ മെൻസ് ഹോസ്റ്റൽ വരെ നീളുന്ന ഫ്ലൈ ഓവർ നിർമാണം ഒന്നാം ഘട്ടത്തിലെ പ്രധാന വഴി ത്തി രുവായിരുന്നു.58കോടി രൂപ യാണ് ഇതിനു വേണ്ടി ചിലവായത്. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗം ആയി നവീകരിച്ച ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ ഉള്ള വൻ പദ്ധതി ആണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ പദ്ധതിയുടെ തുകയുടെ വലിയൊരു ഭാഗം ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ആശുപത്രി അധികൃതർ വകമാറ്റിയതോടെ പദ്ധതി അവതാളത്തിൽ ആയി. ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് ആയി മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്കിന് സമീപം ഉള്ള ബ്ലോക്കുകൾ ആയ 18,19വാർഡുകൾ ഉൾപ്പെടുന്ന ബ്ലോക്ക് ഇടിച്ചു നിരപ്പാക്കുകയും, ചില കാരണത്താൽ ഒരു കല്ല് പോലും കെട്ടിട നിർമാണത്തിന് വേണ്ടി ഇടാൻ ഇത് വരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇത് മൂലം രോഗികൾ നിത്യവും നരക യാതനയിൽ ആണ് കഴിയുന്നത്. ഈ വാർഡുകളിൽ ഉള്ളവരെ 28വാർഡിന്റെ മൂന്നാം നിലയിൽ ഒരു വാർഡ് സജ്ജീകരിച്ചു മാറ്റിയിട്ടുണ്ടെങ്കിലും അവിടുത്തെ സ്ഥല പരിമിതി മൂലം രോഗികൾ നിത്യ നരകത്തിലാണ്. വിവിധ ചികിത്സാ വിഭാഗങ്ങളിലെ രോഗികളെ ചികിത്സക്കായി 28നമ്പർ വാർഡുകളിൽ കൊണ്ട് തള്ളുകയാണ് ഇപ്പോൾ ചെയ്തു വരുന്നത്. ബെഡ്ഡുകളോ, മറ്റും കിട്ടാതെ രോഗികൾ തറയിൽ കിടന്നു നരകിക്കുകയാണ് ഇപ്പോൾ അവിടെ. പല രോഗികൾക്കും മതിയായ ചികിത്സാ കിട്ടാതെ മരണത്തിനു പോലും കീഴടങ്ങിയിട്ടുണ്ട്. ഭരണ -പ്രതിപക്ഷ കക്ഷികൾ ഒന്നും തന്നെ ഇക്കാര്യത്തിൽ നാളിതുവരെ ഒരു മിണ്ടാട്ടവും നടത്തിയിട്ടുമില്ല. എല്ലാപേരും കണ്ണടക്കുകയാണ്.