ഉള്ള്യേരി: കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടില്‍നിന്ന് രണ്ട് പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതി അറസ്റ്റില്‍.പാലക്കാട് കൊടുമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയ് 27നാണ് ഉള്ള്യേരി 19ലെ ചീർക്കോളി രാഘവൻ നായരുടെ വീട്ടില്‍നിന്ന് പ്രതി സ്വർണം മോഷ്ടിച്ചത്.രാഘവൻ നായരുടെ ഭാര്യയുടെ മുടി ഡൈ ചെയ്തുകൊടുക്കുന്ന സമയത്ത് മാലയുടെ നിറം മങ്ങുമെന്നു പറഞ്ഞ് അഴിപ്പിക്കുകയായിരുന്നു. പിന്നീട് കൊയിലാണ്ടിയില്‍ പോയ മഹേശ്വരി തിരിച്ചുവരാതായതോടെയാണ് മോഷണവിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രതിക്കെതിരെ പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലായി എട്ടോളം സമാന കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.ഫാസില, ബീവി, തങ്കം തുടങ്ങിയ വ്യാജ പേരുകളില്‍ ഹോംനഴ്സായി എത്തിയാണ് ഇവർ മോഷണം നടത്താറുള്ളത്.