വരാപ്പുഴ: പ്രമേഹം കൂടിയതിനെത്തുടര്‍ന്ന് കാല് മുറിച്ചുമാറ്റണമെന്ന മനോവിഷമത്തില്‍ ആശുപത്രിയില്‍നിന്ന് ‘മുങ്ങി’ വരാപ്പുഴ പാലത്തില്‍ എത്തി പുഴയില്‍ ചാടിയ ആളെ മത്സ്യത്തൊഴിലാളിയും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു.തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. വരാപ്പുഴ തേവര്‍കാട്ട് സ്വദേശിയായ അറുപതുകാരനാണ് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത്.ഇടതുകാലിന് മുറിവുപറ്റി കളമശ്ശേരി എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. പഴുപ്പ് പാദത്തില്‍ കയറിയതോടെയാണ് ഈ ഭാഗം മുറിച്ചുമാറ്റണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന മകൻ മരുന്ന് വാങ്ങാൻ പോയ സമയത്താണ് മകന്റെ വണ്ടിയുമായി വരാപ്പുഴ പാലത്തില്‍ എത്തിയത്. ആശുപത്രിയില്‍ ഡ്രിപ് നല്‍കുന്നതിന് ഇട്ടിരുന്ന സൂചി ഉള്‍പ്പെടെ കൈയില്‍ കെട്ടിയാണ് ഇയാള്‍ പുഴയില്‍ ചാടിയത്.