തിരുവനന്തപുരം: ടിക്കറ്റ് എടുക്കാനായി ആവശ്യപ്പെട്ടതിന് കെഎസ്‌ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ച ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍.ജാര്‍ഖണ്ഡ് സാഹേബ് ഗഞ്ച് സ്വദേശി സഞ്ജയ് മണ്ഡല്‍ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. വിഴിഞ്ഞം മുക്കോലയില്‍ നിന്ന് ബസ്സില്‍ കയറിയ സഞ്ജയ് മണ്ഡല്‍ ഉച്ചക്കടയിലേക്ക് ടിക്കറ്റ് എടുത്തു. ഉച്ചകട എത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങാതെ വന്നതോടെ ബസ്സിലെ കണ്ടക്ടറായ വെങ്ങാനൂര്‍ പനങ്ങോട് സ്വദേശി പ്രേംലാല്‍ സഞ്ജയ് മണ്ഡലിനോട് സ്ഥലത്തിറങ്ങാനോ അല്ലെങ്കില്‍ തുടര്‍ന്നുള്ള യാത്രയ്ക്ക് ടിക്കറ്റ് എടുക്കാനോ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ പ്രതി പ്രേംലാലിനെ ഹിന്ദിയില്‍ അസഭ്യം പറയുകയും തോളത്ത് ഇടിക്കുകയും ആയിരുന്നു എന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. തുടര്‍ന്ന് ബസ്സ് നിര്‍ത്തി പ്രേംലാല്‍ പുറത്ത് ഇറങ്ങവേ പ്രതി കൈയില്‍ കരുതിയിരുന്ന ഷവല്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നു.