വാടാനപ്പള്ളി: ഗണേശമംഗലത്ത് തനിച്ചു താമസിക്കുന്ന റിട്ടയേഡ് അധ്യാപികയെ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്നു.പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ഗണേശമംഗലം സീപേള്‍ ബാറിനു സമീപം വാലിപറമ്ബില്‍ വസന്ത(76)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗണേശമംഗലം ക്ഷേത്രത്തിനു പടിഞ്ഞാറ് മൂത്താംപറമ്പില്‍ ജയരാജന്‍ (മണി- 68) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ഏഴോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ വസന്ത ഇരുനിലവീട്ടില്‍ തനിച്ചായിരുന്നു താമസം. രാവിലെ വീട്ടില്‍നിന്ന് നിലവിളികേട്ട് അയല്‍വാസി നോക്കിയപ്പോള്‍ ഒരാള്‍ മതില്‍ ചാടി ഓടിപ്പോകുന്നതു കണ്ടു. ഇതുകണ്ട സമീപത്തെ മത്സ്യത്തൊഴിലാളിയുംകൂടി ചേര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തി. ചോദ്യംചെയ്തശേഷം മൊബൈലില്‍ഇയാളുടെ ഫോട്ടോയും എടുത്തു. പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് അയല്‍വാസി വീട്ടില്‍ കയറി നോക്കിയപ്പോഴാണ് വീടിനു പിന്‍വശത്ത് വസന്തയെ മരിച്ചനിലയില്‍ കണ്ടത്. വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി. അയല്‍വാസി തിരിച്ചറിഞ്ഞിരുന്ന ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറ്റം നിഷേധിച്ചു. വിരലടയാളം പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിനു പിന്നില്‍ ജയരാജനാണെന്ന് വ്യക്തമായത്.