തളിപറമ്പ്: പരിയാരത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റി ടാങ്കിനു സമീപം കളിക്കുന്നതിനിടെ കാല്‍വഴുതി വീണു മൂന്നുവയസുകാരന്‍ മരിച്ചു.പരിയാരത്തെ തമീന്‍ ബഷീറാണ് മരണമടഞ്ഞത്. കൂടെ കളിച്ചിരുന്ന അഹ്‌മദ് ഹാരിസെന്ന മൂന്നു വയസുകാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നേകാലിനാണ് നാടിനെ തേടി കുഞ്ഞിന്റെ ദുരന്തവാര്‍ത്തയെത്തിയത്. കോരന്‍പീടികയില്‍ താമസക്കാരനായ തളിപറമ്പ് മുക്കോലയിലെ ഓട്ടോ ഡ്രൈവര്‍ പി.സി ബഷീറിന്റെ മകനാണ് തമീന്‍. പരിയാരം പഞ്ചായത്ത് ഓഫീസിന് പുറകുവശത്താണ് ഇവരുടെ വീട്.
ജസീനയാണ് ഉമ്മ. റാഫിയ, റിയാന്‍, മുഹമ്മദ് എന്നിവരാണ് സഹോദരങ്ങള്‍. നിര്‍മാണം നടന്നുവരുന്ന വീടിനായി നിര്‍മിച്ച സെപ്റ്റി ടാങ്കില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വെളളം കെട്ടിനിന്നിരുന്നു. കുട്ടികള്‍ ഇവിടെ കളിക്കുന്നത് മറ്റുളളവര്‍ ശ്രദ്ധിച്ചിരുന്നില്ല.നല്ല ആഴമുളള സപ്റ്റി ടാങ്കില്‍ രണ്ടു കുട്ടികളും കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ബഹളം കേട്ടു ഓടിയെത്തിയ വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്ത് തളിപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തമീന്റെ ജീവന്‍ രക്ഷിക്കാനായില്ല.