പാലക്കാട്: ഒറ്റപ്പാലം അനങ്ങനടി കോതകുറുശ്ശിയില്‍ ഉറങ്ങിക്കിടന്ന യുവതി വെട്ടേറ്റ് മരിച്ചു. പതിമൂന്നുവയസുള്ള മകള്‍ക്കും വെട്ടേറ്റ് പരുക്കുപറ്റി.സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കോതകുറുശി ഗാന്ധിനഗര്‍ കിഴക്കേപുരയ്ക്കല്‍ രജനി(38)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണദാസനെ(47) പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകള്‍ അനഘക്കും വെട്ടേറ്റു.ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. വീട്ടിലെ മുറിയിലെ കട്ടിലില്‍ ഉറങ്ങികിടക്കുകയായിരുന്ന രജനിയെ പ്രകോപനമൊന്നും കൂടാതെ കൃഷ്ണദാസന്‍ മടവാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരുടെ മകള്‍ അനഘയേയും കൃഷ്ണദാസ് വെട്ടി. മറ്റു രണ്ടു മക്കളായ അഭിരാംകൃഷ്ണ, അഭിനന്ദ് കൃഷ്ണ എന്നിവരുടെ കരച്ചില്‍ കേട്ട് എത്തിയ കൃഷ്ണദാസിന്റെ ജേഷ്ഠന്‍ മണികണ്ഠന്‍ മടവാള്‍ പിടിച്ചു വാങ്ങി പറമ്പിലേക്ക് എറിഞ്ഞു.
കഴുത്തിലും താടിക്കുമാണ് രജനിക്ക് വെട്ടേറ്റിരുന്നത്. പോലീസ് എത്തി രജനിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.വെട്ടേറ്റ അനഘയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.