ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍പോയ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണു നീക്കം.ഇന്നലെ വൈകുന്നേരം ഏഴോടെ അഭിഭാഷകയായ രഞ്ജിത റോത്തഗി മുഖേന ഓണ്‍ലൈനായാണു ഹർജി സമർപ്പിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു സിദ്ദിഖിന്‍റെ അഭിഭാഷകസംഘം സുപ്രീംകോടതി രജിസ്ട്രിക്ക് ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നാണു സൂചന.
സംഭവം നടന്ന് എട്ടു വർഷത്തിനുശേഷമാണ് അതിജീവിത പരാതി നല്‍കുന്നതെന്നതാണു സിദ്ദിഖ് ഹർജിയില്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. കൂടാതെ തനിക്കു ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും സിദ്ദിഖ് ഹർജിയില്‍ പറയുന്നു.