ഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും കാണാതായ യുവാവും മഹാരാഷ്ട്രയില്‍ പോലീസിന്റെ പിടിയിലായ പ്രതിയും ഒരാള്‍ തന്നെയാണെന്ന് ഡല്‍ഹി പോലീസ്.ഷഹീന് ബാഗിലെ പരിശോധന പൂര്‍ത്തിയായി. അന്വേഷണം തുടരുമെന്നും മറ്റേതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധനയിലാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഡല്‍ഹി നിന്നും കാണാതായ യുവാവിന്റെ ലുക്ക്ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, എലത്തൂരില്‍ ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായതായി സ്ഥിരീകരിച്ച് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്ത് വന്നു. ഇന്നലെ അര്‍ദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. കേന്ദ്ര ഏജന്സികളുടെസംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സര്‍ക്കാരിനും പോലീസിനും ആര്‍പിഎഫിനും എന്‍ഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പ്രതിയെ പിടികൂടിയെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. ഉടന്‍ തന്നെ കേരളത്തിലെത്തിക്കുമെന്നും അനില്‍കാന്ത് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പ്രതി രത്നഗിരിയില്‍ ഉണ്ടന്ന് ഇന്റലിജന്‍സിന് വിവരം കിട്ടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളില്‍ തിരച്ചില്‍ നടത്തിയത്. സിവില്‍ ആശുപത്രിയില്‍ തലയ്ക്കേറ്റ പരുക്കിന് ചികിത്സ തേടുകയായിരുന്നു പ്രതി. പോലീസ് എത്തുന്നതിന് മുന്‍പ് അവിടെ നിന്ന് മുങ്ങിയ ഇയാളെ തുടര്‍ന്ന് രത്നഗിരി സ്റ്റേഷനില്‍ നിന്നുമാണ് പിടികൂടുന്നത്. ഏപ്രില്‍ രണ്ടിന് നടന്ന സംഭവത്തില്‍ നാലാം ദിവസമാണ് പ്രതിയെ പോലീസ് പിടികൂടുന്നത്.