ആലപ്പുഴ: പട്ടാപ്പകല്‍ വൃദ്ധയെ ആക്രമിച്ച് ബോധംകെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയില്‍. ആലപ്പുഴയിലെ തൈക്കാട്ടുശേരിയില്‍ മനോജിനെയാണ് പൂച്ചാക്കല്‍ പോലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്.പാണാവള്ളി വെളിപ്പറമ്ബില്‍ പുരുഷന്‍റെ ഭാര്യ ഓമനയെ ആക്രമിച്ചാണ് പ്രതി സ്വര്‍ണം കവര്‍ന്നത്.ബുധനാഴ്ച രാവിലെ 11 ഓടെയാണ് സംഭവം നടന്നത്. പശു വളര്‍ത്തലുള്ള ഓമനയുടെ വീട്ടില്‍ നിന്നും കുറച്ചു നാളായി മനോജ് ചാണകം ശേഖരിച്ചു വരുന്നുണ്ടായിരുന്നു.ഇത്തവണ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളില്‍ കടന്ന് ഓമനയുടെ മുഖത്ത് അമര്‍ത്തി ബോധം കെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.തുടര്‍ന്ന് ഒന്നര പവൻ തൂക്കം വരുന്ന രണ്ട് വളകളും രണ്ട് പവന്‍റെ മാലയും മോഷ്ടിച്ചു. പിടിവലിക്കിടെ ഓമന പരുക്കേറ്റ് അബോധാവസ്ഥയിലായി. ഏറെ നേരം കഴിഞ്ഞ് ഓമന നിരങ്ങി വീട്ടിനു പുറത്തെത്തി അയല്‍വാസികളോട് സംഭവം പറയുകയും തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി വ്യാപകമായ പരിശോധന നടത്തി. പരിക്കേറ്റ ഓമനയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംശയത്തെ തുടര്‍ന്ന് പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്ത് ആശുപതിയിലേക്ക് കൊണ്ടുപോയി. ഓമന പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മനോജിന്‍റെ വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്.