തിരുവനന്തപുരം :- അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് തോരാത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പാടശേഖരങ്ങളിൽ എല്ലാം വെള്ളം നിറഞ്ഞു. പാടശേഖരങ്ങളിൽ വെള്ളം കയറിയതിനാൽ കൊയ്ത്തു മുടങ്ങുകയും നെൽച്ചെടികൾ നശിക്കുകയും ചെയ്തു. ഇതിനാൽ വൻ സാമ്പത്തിക നഷ്ടം നേരിടും എന്നാണ് കർഷകർ പറയുന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ് ഗ്രാമീണ റോഡുകളും നടവഴികളും വെള്ളത്തിലായതോടെ കാൽനടയാത്ര പോലും അസാധ്യമായി. തോടുകളും കുളങ്ങളും നിറഞ്ഞതിനാൽ പെയ്തു വെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. വേമ്പനാട്ടുകായലിൽ വേലിയേറ്റം ശക്തമായതിനാൽ തീരവാസികൾ ആശങ്കയിലാണ്. ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഉയരപ്പാതയുടെ നിർമ്മാണം കൂടി നടക്കുന്നതിനാൽ ദേശീയപാത വഴിയുള്ള വാഹനങ്ങളുടെ യാത്രാ ദുരിതം ഇരട്ടിയായി. ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.