കോഴിക്കോട്: ദേശീയപാതയില്‍ വടകര മുക്കാളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനായ യുവ വൈദികൻ മരിച്ചു.തലശേരി അതിരൂപതാംഗവും അതിരൂപതയുടെ കീഴിലുള്ള തലശേരിയിലെ സെന്‍റ് ജോസഫ്സ് മൈനര്‍ സെമിനാരി വൈസ് റെക്‌ടറുമായ ഫാ. ഏബ്രഹാം (മനോജ്) ഒറ്റപ്ലാക്കല്‍ (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു വൈദികര്‍ക്ക് പരിക്കേറ്റു. ഫാ. ജോര്‍ജ് കരോട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവര്‍ത്തകരും സഞ്ചരിച്ച കാര്‍ ദേശീയപാതയോരത്തു നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. വൈദികര്‍ പാലായില്‍നിന്നു തലശേരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.