ആറ്റുകാൽ പൊങ്കാല -ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന നിർദ്ദേ ശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ഭക്ഷ്യസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളു. ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ / രജിസ്‌ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് പരിശോധനവേളയിൽ ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ നിർദേശിച്ചു. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയവിതരണം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ, അക്ഷയകേന്ദ്രങ്ങൾ വഴി മുൻകൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും. കൂടാതെ ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് പരിശീലനപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യസംരംഭകർ നിർബന്ധമായും ട്രെയിനിംഗിൽ പങ്കെടുക്കണമെന്നും നിർദേശമുണ്ട്. ഇതിനായി സംരംഭകന്റെ പേര്, ഫോൺനമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ, ആധാർ നമ്പർ എന്നിവ fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകി രജിസ്റ്റർ ചെയ്യണം.

കൃത്യമായ ലേബൽ , വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ എന്നിവ വിൽക്കാൻ പാടില്ല. ഭക്ഷ്യവസ്തുക്കൾ തുറന്ന് വെച്ച് വിൽക്കരുത്. അന്നദാനം ചെയ്യുന്നവർ, പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. പാചകം ചെയ്യുന്നയാൾക്ക് സാംക്രമിക രോഗങ്ങളില്ലെന്നും പാചകത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഗുണനിലവാരമുള്ളതാണെന്നും ഉറപ്പുവരുത്തണം.

ശീതളപാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് നിർമിച്ച ഐസ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പാകം ചെയ്ത ഭക്ഷണസാധനങ്ങൾ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ടതും വൃത്തിയുള്ള ചുറ്റുപാടിൽ മാത്രം വിതരണം ചെയ്യേണ്ടതുമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷർ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × four =