തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്‌ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
കേരളത്തിലെ ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ആന്‍റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു.