തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.കേരളത്തിലെയും ലക്ഷദ്വീപിലെയും സ്കൂളുകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലയാണ് സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ യഥാക്രമം 99.68%, 98.83% എന്നിങ്ങനെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയം നേടിയത്. പത്താം ക്ലാസില്‍ 94.4 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 92.71 ശതമാനവും ആണ് അഖിലേന്ത്യാ വിജയശതമാനം.
https://cbseresults.nic.in, https://cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. മൊബൈല്‍ ആപ് ഉമംഗ് (https://web.umang.gov.in) വഴിയും ഫലങ്ങള്‍ അറിയാം.കഴിഞ്ഞ വര്‍ഷവും തിരുവനന്തപുരം മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പത്താം ക്ലാസില്‍ 99.99 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.89 ശതമാനവും വിജയം കരസ്ഥമാക്കിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പത്താം ക്ലാസില്‍ 4.64 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 6.66 ശതമാനവും അഖിലേന്ത്യാതലത്തില്‍ വിജയശതമാനം കുറഞ്ഞിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മേഖലയില്‍നിന്ന് 67,938 പേര് പരീക്ഷ എഴുതിയതില്‍ 67,720 പേര് ഉപരിപഠനത്തിന് അര്‍ഹരായി. ഇതില്‍ 33,841 ആണ്‍കുട്ടികളും 33,879 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. വിജയിച്ച കുട്ടികളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്വകാര്യ സ്കൂളുകളില്‍നിന്നുള്ളവരാണ്- 61705 വിദ്യാര്‍ഥികള്‍.