തിരുവനന്തപുരം :-മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനെ മണ്ണന്തല ഇൻസ്‌പെക്ടർ കെ ആർ ബിജു പരസ്യമായി അപമാനിച്ചതായി പരാതി. ബിജുവിനെതിരെ നടപടി വേണം എന്നാവശ്യപ്പെട്ടു ജില്ലാ കളക്ട ർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കയാണ്. കേരള പോലീസിൽ നിന്നും സബ് ഇൻസ്‌പെക്ടർ ആയി വിരമിച്ച നാലാഞ്ചിറ കോട്ടമുകൾ സ്വദേശി മനോഹരൻ നായർക്കാണ് ഇത്തരം ഒരു ദുരനുഭവം ഉണ്ടായത്. ലോകസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 26ന് മണ്ണന്തല 154നമ്പർ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് സംഭവം നടന്നത് എന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. പോളിംഗ് സ്റ്റേഷൻ പരിസരത്ത് സ്കൂട്ടറിൽ ഇറങ്ങിയ അവസരത്തിൽ ആണ് മണ്ണന്തല ഇൻസ്‌പെക്ടർ തന്നോട് മോശമായി പെരുമാറിയതെന്നാണ് പരാതിയിയിൽ സൂചിപ്പിച്ചിരിക്കുന്നത്. വാഹനം പാർക്ക് ചെയ്ത അവസരത്തിൽ അവിടെ ഉണ്ടായിരുന്ന ഇൻസ്‌പെക്ടർ കെ ആർ ബിജു പോളിംഗ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും, താനും സുഹൃത്തും അതനുസരിച്ചു പുറത്തേക്കു പോകാൻ ഒരുമ്പെടുമ്പോൾ നിന്റെ സ്കൂട്ടറും എടുത്തു കൊണ്ട് പോടാ എന്ന് ഉച്ചത്തിൽ ആക്രോശിച്ചു കൊണ്ട് തന്റെ അടുത്തേക്ക് വരു കയുണ്ടായി എന്ന് പരാതിയിൽ പറയുന്നു. താൻ റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ ആണെന്ന് പറഞ്ഞ അവസരത്തിൽ മണ്ണന്തല ഇൻസ്‌പെക്ടർ ഷർട്ടിനു കുത്തി പ്പിടിച്ചു പുറകോട്ടു ആഞ്ഞു തള്ളിയതിനെ തുടർന്നു സ്കൂട്ടറിന്റെ പുറത്തേക്കു മറിഞ്ഞു വീഴുകയാണ് ഉണ്ടായത്. യാതൊരു വിധ വാക്കുതർക്കമൊന്നും ഉണ്ടാകാതെയാണ് SHO ഇത്തരത്തിൽ പെരുമാറിയത്.സംഭവം കണ്ടു അവിടെ ഉണ്ടായിരുന്നവർ തങ്ങളുടെ സമീപത്തേക്ക് ഓടി എത്തി കാര്യം തിരക്കിയ അവസരത്തിൽ ഇൻസ്‌പെക്ടർ ലാത്തി ചുഴറ്റി അസഭ്യം വിളിച്ചു എല്ലാപേരെയും ഓടിക്കുകയാണ് ഉണ്ടായിട്ടുള്ളത് എന്നും പരാതിയിൽ പറയുന്നുണ്ട്. ഈ സംഭവം മനോഹരൻ നായരെയും കുടുംബങ്ങളെയും മാനസികമായി തളർത്തിയിരിക്കയാണ്.2008-ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന അവസരത്തിൽ വീശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച തനിക്കു ഉണ്ടായ ഇത്തരം ഒരു അനുഭവം അതീവ ഞെട്ടലോടെയാണ് ഓർക്കുന്നത്. കൂടാതെ 2019-ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സുരക്ഷ ഓഫീസർ പദവിയിൽ ഇരുന്നു വിരമിച്ച തന്നെ പൊതു ജനമധ്യത്തിൽ പരസ്യമായി അപമാനിച്ച മണ്ണന്തല ഇൻസ്‌പെക്ടർ KR ബിജുവിനെതിരെ നടപടി വേണംഎന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് മനോഹരൻ നായർ. പോലീസിൽ നിന്നും വിരമിച്ച ആർക്കും ഇത്തരം ഒരു ദുർഗതിയും അപമാനവും ഒരിക്കലും ഉണ്ടാകാൻ പാടില്ല എന്ന മുന്നറിയിപ്പുമായി.