വടകര: നഗരസഭയുടെ 2022-23 വാര്‍ഷികപദ്ധതിയില്‍ മത്സ്യബന്ധന മേഖലയോട് അവഗണന കാണിച്ചെന്നാരോപിച്ച് നഗരസഭ കൗണ്‍സിലര്‍ പി.വി.ഹാഷിം മത്സ്യബന്ധന വര്‍ക്കിങ് ഗ്രൂപ് ചെയര്മാന് സ്ഥാനം രാജിവെച്ചു. വടകര നഗരസഭ വിളിച്ച മത്സ്യസഭയിലും വാര്‍ഷികപദ്ധതി രൂപവത്കരണത്തിലും വികസന സെമിനാറിലും വാര്‍ഡ് സഭകളിലും വന്ന മത്സ്യബന്ധന മേഖലയില്‍നിന്നുമുള്ള നിര്‍ദേശങ്ങള്‍ വെട്ടിമാറ്റി.പദ്ധതിയില്‍ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന-പശ്ചാത്തല വികസനത്തിന് നീക്കിവെക്കേണ്ട തുക വെട്ടിക്കുറച്ചത് തീരദേശ വാര്‍ഡുകളോടുള്ള അവഗണനയാണ്. ഓഖിയും ടൗട്ടേയും പ്രളയവും ആയിരത്തിലേറെ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മത്സ്യസഭയും മത്സ്യബന്ധന വര്‍ക്കിങ് ഗ്രൂപ് യോഗങ്ങളും പ്രഹസനമാക്കിയെന്ന് ഹാഷിം പ്രസ്താവനയില്‍ പറഞ്ഞു.