തിരുവനന്തപുരം :- കേരളത്തിലെ മികച്ച 100 കോർഡർമാരെ കണ്ടെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ ജി ടെക് മ്യുലേണുമായി സഹകരിച്ച് “സൂപ്പർ കോഡേഴ്സ് ” കോഡിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ നവംബറിൽ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് നാല്പത്തഞ്ച് ദിവസത്തെ കോഡിങ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരിപാടിയിലൂടെ സാങ്കേതിക നൽകാൻ കഴിവുള്ള കേരളത്തിലെ ഏറ്റവും മികച്ചതും വിദഗ്ധരുമായ കോഡർമാരെ കണ്ടെത്തി സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഓ അനൂപ് അംബിക പത്രസമ്മേളനത്തിൽ പറഞ്ഞു.
കോവളത്തിനടുത്തുള്ള ചൊവ്വരയിലെ സോമതീരം ബീച്ചിൽ നവംബർ 16 മുതൽ 18 വരെ നടക്കുന്ന ഹഡിൽ ഗ്ലോബലിനു മുന്നോടിയായി ഒൿടോബർ ഒന്നിന് ആരംഭിക്കുന്ന ചലഞ്ചിന്റെ ആദ്യഘട്ടത്തിൽ പതിനായിരം മുതൽ ഇരുപതിനായിരം പേർ വരെ പങ്കെടുക്കും. രണ്ടാം ഘട്ടത്തിൽ 250 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഹഡിൽ ലെവലിലേക്ക് എത്തുന്ന 150 പേരിൽ നിന്നാണ് അവസാനത്തെ നൂറു പേരെ തിരഞ്ഞെടുക്കുക. ഒരു വർഷത്തിലധികമുള്ള തുടർ നടപടിക്രമങ്ങൾ ഇതിന്റെ ഭാഗമായുണ്ടാകും.
ആഗോള പ്രശസ്തരായ സ്റ്റാർട്ടപ്പ് സംരംഭകരുടെ അനുഭവങ്ങൾ ഹഡിൽ ഗ്ലോബലിൽ പങ്കുവെയ്ക്കും. സംരംഭങ്ങൾക്കുള്ള ആശയ രൂപകല്പന , ബിസിനസ് തന്ത്രങ്ങൾ, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങിയവയിൽ യുവ സംരംഭകർക്ക് വിവിധ രംഗങ്ങളിലെ വിദഗ്ധർ മാർഗ്ഗനിർദ്ദേശം നൽകും. നിക്ഷേപകർ, വ്യവസായ പ്രമുഖർ, സർക്കാർ വകുപ്പുകളുടെ മേധാവികൾ എന്നിവർ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.
മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവരുടെ മുഖ്യ പ്രഭാഷണങ്ങൾ, 150 നിക്ഷേപകരുള്ള ഇൻവെസ്റ്റർ ഓപ്പൺ പിച്ചുകൾ, ഐ ഇ ഡി സി ഹാക്കത്തോൺ, ദേശീയ അന്തർദേശീയ സ്റ്റാർട്ടപ്പ് ഉൽപന്ന പ്രദർശനങ്ങൾ, ഡീപ്ടെക് ലീഡർഷിപ്പ് ഫോറം പ്രഖ്യാപനം, ഫണ്ടിംഗ് പ്രഖ്യാപനങ്ങൾ, ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള ബിസിനസ് അവസരങ്ങൾ മനസ്സിലാക്കാൻ അന്താരാഷ്ട്ര എംബസി കളുമായും വ്യാപാര സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്ധരുമായുള്ള പാനൽ ചർച്ചകൾ, നിക്ഷേപ അവസരങ്ങൾ മനസ്സിലാക്കാൻ നിക്ഷേപകരും ആയുള്ള പാനൽ ചർച്ചകൾ, നെറ്റ്വർക്കിങ്, മെന്റർ സ്പീഡ് ഡേറ്റിംഗ്, നിക്ഷേപക കഫേ, കോർപ്പറേറ്റ് നിക്ഷേപ പ്രഖ്യാപനങ്ങൾ, സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണ പത്രം ഒപ്പിടൽ, മറ്റ് ബിസിനസ് – നിക്ഷേപ അധിഷ്ഠിത പ്രവർത്തനങ്ങൾ തുടങ്ങിയവ ഹഡിൽ ഗ്ലോബൽ 2023 ന്റെ സവിശേഷതയാണ്.
പത്രസമ്മേളനത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ, അസിസ്റ്റന്റ് മാനേജർ അഷിത വി.എ എന്നിവരും പങ്കെടുത്തു.
വിശദാംശങ്ങൾക്കും രജിസ്ട്രേഷനും സന്ദർശിക്കുക: https://huddleglobal.co.in